രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽ കൊന്നു മത്സരിക്കുന്നവർ അറിയുന്നുണ്ടോ? എതിരാളിക് ഇന്ധനം നിറച്ചു കൊടുക്കുകയാണെന്നത്!
കയ്യൂക്കിന്റെ ബലത്തിൽ എതിരാളിയെ കൊന്നൊടുക്കുമ്പോൾ, ഓർക്കണം ദുർബ്ബലമായിടത്ത് പാർട്ടിയെ വളർത്തുന്ന ചിലരുണ്ട് എന്ന്. അവരിൽ ചിലരുടെ നിസ്വാർത്ഥ പ്രവർത്തനം എതിരാളിയുടെ കഠാരതുന്പിൽ പെടഞ്ഞുതീരുന്നുണ്ട്. കൊല്ലാനും രക്തസാക്ഷിയെ ഇന്ധനമാക്കാനും എളുപ്പമാണ് പക്ഷെ നിന്റെ സഹോദരനെ സംരക്ഷിക്കാൻ നിനക്കു സാധിക്കുന്നില്ലല്ലോ? കൊല്ലുമ്പോൾ അവൻ മരിക്കുകയല്ല! ജനമനസ്സുകളിൽ ജീവിക്കുകയാണ്. അവന്റെ എല്ലാ പാപങ്ങളും മറക്കപ്പെടുന്നു, അവനെ ലോകം ബഹുമാനിക്കപ്പെടുന്നു. അവനുവേണ്ടി ലോകം പ്രാർത്ഥിക്കുന്നു. അന്നുവരെ അവനെക്കുറിച് അറിയാത്തവർ പോലും. പക്ഷെ നിന്നിൽ മരിച്ചു വീഴുന്നത് നിന്റെ മനുഷ്വത്വം ആണ്. നിന്നെ കൊലയാളി എന്നു വിളിച്ചു ലോകം വെറുക്കുന്നു. നിനക്കു സ്വന്തം, നിന്നെ വെറുക്കുന്ന ഒരു സമൂഹം.
നാം എന്തു ധൈര്യത്തിൽ ഇവരെയൊക്കെ വീണ്ടും വീണ്ടു വോട്ട് ചെയ്തത് അധികാരത്തിൽ എത്തിക്കുന്നത്. വോട്ടിന്റെ പേരിൽ പരസ്പരം അണികളെ കൊന്നു തീർക്കുന്നവർ എങ്ങനെ നമുക്ക് കാവലാളാകും. രാഷ്ട്രീയക്കാർ വാതോരാതെ പ്രസംഗിക്കുന്നു വാഗ്‌ദാനങ്ങൾ നൽകുന്നു വികസനത്തിനുവേണ്ടി. എന്തേ എത്ര വികസിച്ചിട്ടും വികസിക്കാത്ത മനസുകൾ. വികസിക്കാത്ത മനസുകൾ കൊണ്ട് എന്തു വികസനമാണ് സ്വാദിക്കുക. റോഡുകളോ, കെട്ടിടങ്ങളോ, ടെക്നോളജിയോ എന്ത് വികസിച്ചിട്ട് എന്താണ് കാര്യം? സംസ്കാരമില്ലാത്ത ഒരു ജനതയാണ് ഇതു കൈകാര്യം ചെയ്യുന്നത് എങ്കിൽ!
കൊന്നാൽ പാപം തിന്നാൽ തീരുമോ? ഒരുകൂട്ടർ വന്ന് കൊല്ലുന്നു മറ്റൊരു കൂട്ടർ വന്ന് വോട്ട് ഉണ്ടാക്കി തിന്നു! ഇതല്ലേ ഇവിടെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്നതിനും കോല ചെയ്ത പാർട്ടിയെ തോല്പിക്കുന്നതിനും എതിരു പറയുകയല്ല ഇവിടെ. പ്രതിഷേധത്തിന്റെ ഫലം! കുറ്റക്കാരെ സിക്ഷിക്കും, വധിക്കപ്പെട്ടവന്റെ പാർട്ടിക്ക് വോട്ടുകൾ കിട്ടും, കുടുംബത്തിനെ സർക്കാരും മറ്റും സഹായിക്കും, കൊന്നവന് അവന്റെ അരിശം തീരും അവസാനം നമ്മൾ പറയും അവനു നീതി കിട്ടി എന്ന്! എന്തു നീതി! ജീവിക്കാനുള്ള അവന്റെ അവകാശത്തെ കവർന്നിട്ട്! എന്തൊരു വിരോധാഭാസം.
യുദ്ധകൊതിയന്മാരും സ്വേച്ഛാധിപതികളുമായ രാജാക്കന്മാരുടെ ഭരണത്തിലും കോളനിവത്കരണത്തിലും മടുത്ത ജനത്തിന്റെ അടിച്ചമർത്തലിനും കൊള്ളയടിക്കലിനും അറുതിവരുത്താൻ വേണ്ടിയുള്ള, അവരുടെ പുരോഗമന ചിന്തയുടെ ഭാഗമായി ഒരുപാട് നിരീക്ഷണത്തിലൂടെയും പഠനത്തിലൂടെയും കണ്ടത്തിയതായിരുന്നു ജനാധിപത്യം. പക്ഷേ അതിലും ഒരു രക്ഷയില്ലാത്ത അവസ്‌ഥയാണല്ലോ. രാജ്യത്തിനുപകരം രാഷ്ട്രീയത്തെ ചൊല്പടിക്ക് കൊണ്ടുവരുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ ചേരി തിരിഞ്ഞു പരസ്പരം അടിക്കുന്ന അവസ്ഥയിൽ എത്തിച്ചു നമ്മൾ ജനാതിപത്യത്തെ! ജനാതിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരം എന്നിട്ടും തെരഞ്ഞെടുത്തവരെ നമ്മൾ ഭയക്കണം.
ചാനലുകളിലും സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ചർച്ചകൾ കണ്ടിട്ട് പറയുകയാണ്. ഒരു കൂട്ടരുടെ കൊല്ലപെട്ടവനു വേണ്ടിയുള്ള സഹതപിക്കലും പ്രതിഷേധവും ഒരു തലക്ക് നിന്നും വരുമ്പോൾ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന് പകരം മുമ്പ് നിങ്ങൾ അവനെ കൊന്നില്ലേ! ഇവനെ കൊന്നില്ലേ! എന്നീ പോസ്റ്റുകളും പ്രതിരോധങ്ങളും തീർക്കുന്നു. ആർക്കു ലാഭം ഈ ചർച്ചകൾകൊണ്ട്. കൊല്ലാതിരിക്കാൻ പറ്റുമോ? എന്ന ചർച്ച വരട്ടേ. അത് അല്ലേ വേണ്ടത്. കൊലപാതകങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എന്തു വേണം? അതൊക്കെ ആലോചിക്കൂ… ചർച്ച ചെയ്യൂ...
Comments
Post a Comment